മുത്തങ്ങയിലെ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ചെക് പോസ്റ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ കോഴിക്കോട് കോട്ടൂളി കുതരിവട്ടം ശ്രുതിയില്‍ ആതിഥ്യ വിനയ് ജാഥവ് (19) എന്നയാള്‍ കസ്റ്റഡിയില്‍.
ചെക്പോസ്റ്റ് എക്സൈസ് സംഘവും എക്സൈസ് ഇന്റലിജന്‍സ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന് ആദിത്യ വിനീത് യാദവിനെ എക്സൈസ് സംഘം മുത്തങ്ങയില്‍ വെച്ച് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇദ്ദേഹം അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് കണ്ടെത്തിയത്. സ്വര്‍ണത്തിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എക്സൈസ് വകുപ്പ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. നിലവില്‍ ഇദ്ദേഹത്തെ ജിഎസ്ടി വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇനി മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് ആണ്. ഇയാളെ ഇപ്പോള്‍ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടെ കോഴിക്കോട് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചു. മേപ്പയൂര്‍ കാരയാട് പാറപുറത്തുമ്മല്‍ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് മര്‍ദിച്ച കേസിലെ പ്രതികളാണ് വിദേശത്തേക്ക് കടന്നത്. കേസിലെ പ്രതികളായ ചാത്തമംഗലം പുളാവൂര്‍ മാക്കില്‍ മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂര്‍ പിലാതോട്ടത്തില്‍ റഹീസ്(23), കൊടുവള്ളി വലിയപറമ്പ് മീത്തലെ പന ക്കോട് മുഹമ്മദ് സഹല്‍ (25), എകരൂല്‍ എസ്റ്റേറ്റ് മുക്ക് പുതിയാടന്‍കണ്ടി ആദില്‍ (24) എന്നിവരാണ് വിദേശത്തേക്ക് കടന്നതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫ് പറഞ്ഞു.