ആര്യന്‍ഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. കേസന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍സിബിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്.
ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ തെളിവില്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെ എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘം നടത്തിയ എന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തലുകള്‍. 3000 പേജുള്ള വിശദമായ റിപ്പോര്‍ട്ട് എന്‍സിബി ഡയറക്ടര്‍ ജനറലിന് സമര്‍പ്പിച്ചു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും പ്രതികളോട് പ്രത്യേക സമീപനമാണ് അന്വേഷണ സംഘം സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ എന്‍സിബി പുറത്ത് വിട്ടിട്ടില്ല.
2021 ഒക്ടോബറിലാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന് ഖാനും സുഹൃത്തുക്കളും എന്‍സിബിയുടെ പിടിയിലാകുന്നത്.


