പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി പെൺകുട്ടിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി വിനീഷിനെ സംഭവ സ്ഥലത്തെചിച്ച് തെരളിവെടുപ്പ് നടത്തി. ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയുമായ ദൃശ്യയാണ്(21) മരിച്ചത്. ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ആഴത്തിലേറ്റ മുറിവുകാരണം ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം. നെഞ്ചില്‍ നാലുതവണയും വയറില്‍ മൂന്നുതവണയും കുത്തിയിട്ടുണ്ട്. അടുക്കള വഴി ദൃശ്യയുടെ വീട്ടില്‍ കയറിയ പ്രതി വിനീഷ് വിനോദ് അവിടെയുണ്ടായിരുന്ന വീതി കുറഞ്ഞ, നീളം കൂടിയ കത്തിയെടുത്താണ് ആക്രമിച്ചത് പ്രതി പൊലീസിനോട് പറഞ്ഞു.
ഈ സമയം പെണ്‍കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരി ദേവശ്രീക്കും പരിക്കേറ്റു. കുട്ടിയിപ്പോൾ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
കൊലപാതകത്തിൻ്റെ തലേന്ന് രാവിലെ മഞ്ചേരിയിലെ വീട്ടിൽ നിന്നും നടന്ന് വൈകുന്നേരത്തോടെ വിനീഷ് പെരിന്തല്‍മണ്ണയിൽ എത്തുകയായിരുന്നു. രാത്രിയാകുവോളം കാത്തിരുന്ന പ്രതി ബാലചന്ദ്രനന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിന്‍വശത്തെ തീവച്ചു. തീ ആളിക്കത്തുന്നത് വരെ നോക്കിനിന്നു. കട കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ ബാലചന്ദ്രൻ്റെ വീടിനു മുകളില്‍ ഉപേക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തതു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രാവിലെ പത്തിനാരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. ഉച്ചയ്ക്കു ശേഷം വൈദ്യപരിശോധന നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.


