തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സ്റ്റേഷനിലും ശുചിമുറിയിലും ഇന്ന് വൈകിട്ട് നാലിന് പരിശോധന നടക്കും. അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജനും മജിസ്ട്രേറ്റും സ്റ്റേഷനിലെത്തി തെളിവെടുക്കും. മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് നടപടി. ഇതിനു ശേഷമേ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കൂ.
അന്‍സാരിയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്റെ ഒരു സൂചനയുമില്ലെന്ന് ഫൊറന്‍സിക് സംഘവും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുത്തുന്നതിനാണ് നടപടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ലാ ക്രൈം ബ്രാഞ്ചിന് നല്‍കും. അന്‍സാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്റ്റേഷന് കെട്ടിടത്തില്‍ ഫൊറന്‍സിക്ക് സംഘവും അന്വേഷണ ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തിയിരുന്നു.


