കാസര്‍ഗോഡ്: കടുമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജ്യാമത്തിലിറങ്ങിയ ശേഷം വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. കേസിലെ പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടില്‍ ചാക്കോയുടെ മകന് ആന്റോ ചാക്കോച്ചന് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ ഒളിവിലാണ്.
ഇയാളുടെ പേരില്‍ പോക്സോ കേസ് ചുമത്തി ചിറ്റാരിക്കാല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച കേസില്‍ ആറ് മാസം റിമാന്‍ഡില്‍ കഴിയുകയും തുടര്‍ന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു. പുറത്തിറങ്ങിയ പ്രതി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസിൻ്റെ വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.


