കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നല്കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.
തന്നെ കുറിച്ചും സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങളറിയാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മൊഴിപ്പകര്‍പ്പ് മൂന്നാം കക്ഷിക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി.
സ്വപ്ന പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്ക്കാന് തയാറാണെന്നും പക്ഷേ ആരോപണങ്ങളില്‍ ഒരു തെളിവും ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലില്‍ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഗൂഢാലോചന കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി ആവശ്യമാണെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തു കൊണ്ടു വരാന്‍ രഹസ്യ മൊഴി പരിശോധിക്കണമെന്നും അറിയിച്ചാണ് സ്വപ്നയുടെ രഹസ്യമൊഴി ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടത്. ഈ ആവശ്യമാണിപ്പോള്‍ കോടതി തള്ളിയത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചിരുന്നു.


