സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ അപക്വമെന്ന് കേരള ഹൈക്കോടതി. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. അന്വേഷണ സംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്ജിക്കാരന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹര്ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്ജിക്കാരന് പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസില്‍ സിബിഐ അന്വേഷണം അപക്വമാണെന്നും ഹര്ജിക്കാരന് വേണമെങ്കില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
മല്ലപ്പള്ളി പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാന് പിന്നീട് വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിച്ചിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. ആദ്യം വിഷയത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. സജി ചെറിയാന് കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.


