ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവര്‍മാരെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. എരുമേലി കണ്ണിമലയിലെ അപകടത്തില്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയം ബുധനാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
കെഎസ്ആര്‍ടിസി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ പൊലീസ് മേധാവി, കെഎസ്ആര്‍ടിസി ഓഫിസര്‍, സ്പെഷ്യല്‍ കമ്മിഷണര്‍ എന്നിവരോട് കൂടിയാലോചന നടത്തിയാണ് നടപടി സ്വീകരിക്കേണ്ടത്.
ഇന്നലെ എരുമേലി- പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പത്തു വയസുകാരി മരിച്ചിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. ചെന്നൈ താംബരം സ്വദേശി രാമുവിന്റെ മകള്‍ സംഘമിത്രയാണ് മരിച്ചത്.
തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലേക്ക് പോയ മിനിവാനാണ് കണ്ണിമല മഠംപടിയിലെ വളവില്‍ നിയന്ത്രണംതെറ്റി 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സംഘമിത്രയെ ഉടന്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


