കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിലെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ലഹരി മരുന്നുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും പ്രതിയും ലഹരിക്ക് അടിമകളാണെന്നും പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ കൈവശം മയക്കു മരുന്നുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് കൊണ്ടോട്ടിയിലെ ജൂവലറി മോഷണക്കേസ് പ്രതിയാണ്. അര്‍ഷാദിന്റെ സഹായി അശ്വന്തും പൊലീസ് പിടിയിലായി.
കാസര്‍കോട് നിന്നാണ് അര്‍ഷാദിനെ അന്വേഷണ സംഘം പിടികൂടിയത്. പൊലീസിനെ കണ്ട് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് അര്‍ഷാദ് പിടിയിലായത്. മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫ്ലാറ്റില്‍ സിസിടിവി സ്ഥാപിച്ചിരുന്നില്ല. ഫ്ലാറ്റില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും എന്നാല്‍ ആരും പൊലീസിനെ അറിയിച്ചില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഫ്ലാറ്റില്‍ നിന്ന് ലഹരി മരുന്ന് ലഭിച്ചില്ല, പക്ഷേ സംശയകരമായ ചില സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കൂടുതല്‍ പേരുടെ പങ്ക് ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിനാറാം നിലയില്‍ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയിലായിരുന്നു മൃതദേഹം. ചതുരാകൃതിയിലുള്ള ഡക്റ്റില്‍ പ്ലാസ്റ്റില് കവറിലും, ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിലായിരുന്നു.
കൊല നടത്തിയത് ക്രൂരമായാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ട്. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്നത് ഈ മാസം 12നും 16നും ഇടയിലായിരിക്കാമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
ഇന്നലെ വൈകിട്ടായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ടു ദിവസമായി സജീവിനെ ഫോണില്‍ ലഭിക്കാതായതോടെ ഒപ്പം താമസിച്ചിരുന്ന യുവാക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തിങ്കളാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്. ബെല്ലടിച്ചിട്ടും ഫ്ളാറ്റ് തുറക്കാതായതോടെ സജീവിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല.
അര്‍ഷാദിനെ വിളിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. സംശയം തോന്നിയതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും, പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്ളാറ്റ് തുറക്കുകയുമായിരുന്നു. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു മരിച്ച സജീവ്.


