നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ തടഞ്ഞ ഹൈക്കോടതി കേസ് വിധി പറയാനായി മാറ്റി. വിചാരണാ കോടതിക്കെതിരെ സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും വീണ്ടും രംഗത്തെത്തിയിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷനും തുറന്നടിച്ചു.
അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്കി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങള്‍ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്പോള്‍ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹര്‍ജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരും വിചാരണാ കോടതി ജഡ്ജിക്കെതിരെ തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചു നിന്നു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ല. വിചാരണ കോടതി മുന്‍വിധിയോടെയാണ് പെരുമാറുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നും സര്‍ക്കാര്‍ വാദിച്ചു.


