ഒരു വലിയ ഗ്ലാസ് വെള്ളം കുടിച്ച ഉടനെ തന്നെ വീണ്ടും ദാഹിക്കാറുണ്ടോ? ആവശ്യത്തിലധികം വെള്ളം കുടിച്ചിട്ടും തൊണ്ട വരണ്ടതുപോലെയും വെള്ളം വേണമെന്നും തോന്നാറുണ്ടോ? ഞാൻ ഒരുപാട് വെള്ളം കുടിക്കാറുണ്ടെന്ന് ആളുകൾ പറയുന്നത് കേൾക്കാറില്ലേ…ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.
സാധാരണയായി, ദാഹം എന്നത് ശരീരത്തിന് ജലാംശം ആവശ്യമുണ്ടെന്നതിന്റെ ലളിതമായ സൂചനയാണ്. എന്നാൽ, എത്രമാത്രം വെള്ളം കുടിച്ചാലും അടങ്ങാത്ത, നിരന്തരമായ ദാഹം ശരീരം നൽകുന്ന ഒരു സൂചനയായിരിക്കാം.
തുടർച്ചയായ ഈ ദാഹം കേവലം ഒരു അസ്വസ്ഥത മാത്രമല്ല, ശരീരത്തിന്റെ ജലാംശം നിയന്ത്രിക്കുന്ന സംവിധാനത്തിൽ തകരാറുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഈ ലക്ഷണത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന, നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ആരോഗ്യ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.അനിയന്ത്രിതമായ ദാഹത്തിന്റെ ഏറ്റവും സാധാരണവും പ്രധാനവുമായ കാരണം പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുമ്പോൾ, വൃക്കകൾ ഈ അധിക പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാൻ ശ്രമിക്കും. ഈ പ്രക്രിയയിൽ, ഗ്ലൂക്കോസിനോടൊപ്പം വലിയ അളവിൽ വെള്ളവും പുറത്തേക്ക് പോകുന്നു. ഇത് അമിതമായ മൂത്രോൽപാദനത്തിനും ശരീരത്തിൽ ജലാംശം കുറയുന്നതിനും കാരണമാകുന്നു. നഷ്ടപ്പെട്ട ജലാംശം തിരിച്ചുപിടിക്കാൻ ശരീരം ശ്രമിക്കുമ്പോൾ, തലച്ചോറിലെ ദാഹ കേന്ദ്രം ശക്തമായി ഉത്തേജിക്കപ്പെടുകയും, അത് എത്ര വെള്ളം കുടിച്ചാലും മാറാത്ത അമിതമായ ദാഹത്തിന് കാരണമാവുകയും ചെയ്യുന്നു.


