കോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ അരീക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവില്‍ പോയത്.
ഒക്ടോബര്‍ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മഞ്ജു.
മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രദീപിനായി പൊലീസ് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


