കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലീസ്. അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചു എന്ന് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ച് മാറ്റിയത് എന്ന് സംശയം. ആന്തരികാവയവങ്ങള്‍ വില്ക്കാന് പ്രതികള്‍ ശ്രമിച്ചോയെന്നും അന്വേഷിക്കും.
ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.
മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം.


