കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി ശബ്ദരേഖ പുറത്ത്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് സൂപ്രണ്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറിന്റേതാണ് ഭീഷണി സന്ദേശം. പരാതി നല്കിയ ഡോക്ടറെ നേരിടുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയത്.
മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചു. അതേസമയം ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
കിണറ്റില്‍ വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി രാത്രിയില്‍ താലൂക്ക് ആശുപത്രിയിലെത്തിയ സംഘമാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുമായി സംഘര്‍ഷം ഉണ്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും, അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്കരിച്ച് സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.


