കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സി.പി.എം പ്രാദേശിക നേതൃത്വം പൊലീസുമായി തര്‍ക്കം. തിരുവനന്തപുരം വിതുരയില്‍ നിരത്തിലിറങ്ങിയ ഓട്ടോകള്‍ക്കെതിരെ നടപടി എടുക്കാനെത്തിയ എസ്.ഐയെ സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. സി.പി.എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ തര്‍ക്കം രൂക്ഷമായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
വിതുരയില്‍ ഇന്നലെ ഉച്ചയോടെയാണ് പൊലീസും സി.പി.എം നേതാക്കളും നേര്‍ക്കുനേര്‍ തര്‍ക്കിച്ചത്. റോഡിലിറങ്ങിയ ഓട്ടോകള്‍ മടക്കി അയക്കാന്‍ എത്തിയതാണ് എസ്.ഐ സുധീഷും സംഘവും. അത് തടയാന്‍ എത്തിയത് മുന്‍ ജില്ലാ പഞ്ചായത്തംഗവും സി.ഐ.ടി.യു നേതാവുമായ സഞ്ചയന്.
വിതുര സി കാറ്റഗറിയിലുള്ള പഞ്ചായത്തായതിനാല്‍ ഓട്ടോ ഉള്‍പ്പെടെ പൊതുഗതാഗതം പാടില്ലന്നാണ് പൊലീസ് നിലപാട്. അങ്ങിനെ പറഞ്ഞാല്‍ ജീവിതം ബുദ്ധിമുട്ടിലാകുമെന്നാണ് സി.പി.എം പ്രാദേശിക നേതാക്കളുടെ മറുപടി.
ഇത് മാത്രമല്ല, വന്‍തുക പിഴ ഈടാക്കി കോവിഡിന്റെ പേരില്‍ എസ്.ഐ സാധാരണക്കാരെ പോലും ഉപദ്രവിക്കുകയാണന്നും നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സഞ്ചയനടക്കം ഇരുപത് പേര്‍ക്കെതിരെ കേസെടുത്താണ് പൊലീസിന്റെ മറുപടി.


