ബലാത്സംഗക്കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്രീകാന്തിനെ ചോദ്യം ചെയ്യുക. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.
പ്രതിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
കേസില്‍ കഴിഞ്ഞ ആഴ്ച ശ്രീകാന്തിന് ജാമ്യം ലഭിച്ചിരുന്നു. പരാതി നല്കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.


