കടല്‍ക്കൊല കേസ് അവസാനിപ്പിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യയിലുള്ള എല്ലാ നിയമ നടപടികളും റദ്ദാക്കി സുപ്രീംകോടതി ഉത്തരവിറക്കി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും നഷ്ടപരിഹാരമായി നല്കാന് പത്തു കോടി രൂപ ഇറ്റാലിയന്‍ സര്‍ക്കാര്‍ കെട്ടിവച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപി. ഈ തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് ഹൈക്കോടതിക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവിട്ടു.
കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മസ്സിമിലാനോ ലത്തോറിനെയും സാല്‍വത്തോറെ ജിറോണിനെയും വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന് ഹേഗിലെ രാജ്യാന്തര കോടതി വിധിച്ചിരുന്നു. അതേസമയം ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും രാജ്യന്തര കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്കാന് ഇറ്റലി സന്നദ്ധമാണെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇരകളുടെ കുടുംബവും ഇതിനെ അനുകൂലിച്ചു.
തുടര്‍ന്ന് ഇറ്റലി നല്കിയ നഷ്ടപരിഹാരത്തുക കേന്ദ്രം സുപ്രീംകോടതി റജിസ്ട്രിയില്‍ കെട്ടിവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ച് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഉത്തരവിറക്കിയത്.
നഷ്ടപരിഹാരത്തുക എങ്ങനെ വിതരണം ചെയ്യണമെന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും. ഇതിനായി ഒരു ജഡ്ജിയെ നിയമിക്കാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസിനോട് കോടതി നിര്‍ദേശിച്ചു. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി വീതവും ബോട്ടുടമയ്ക്ക് രണ്ട് കോടി രൂപയുമാണ് ലഭിക്കുക. അതേസമയം രാജ്യാന്തര കോടതി വിധിപ്രകാരം നാവികര്‍ ഇറ്റലിയില്‍ വിചാരണ നേരിടും. ഇതിന് എല്ലാവിധ സഹായവും ചെയ്യാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്കി.


