ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്. ആര്യ രാജേന്ദ്രന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയതെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു.
രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെ പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കും. ഏപ്രില്‍ 17ന് മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു.
എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിക്കുവാന്‍ എസ്എഫ്ഐ സംസഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും എസ്എഫ്ഐ വിമര്‍ശിച്ചു.
വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സിപിഐഎം ആരോപണം. സംഭവത്തില്‍ പ്രതികളായവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


