കോട്ടയത്ത് ഷെര്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെയായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്.
ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികള്‍ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാല്‍, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്ക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോള്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.
വലിയ മതില്‍ക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതില് ചാടി ഇവര്‍ക്ക് പോകാന്‍ കഴിയുമോ എന്നുള്ളത് സംശയകരമാണ്.


