ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയില്‍ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി പൊളിച്ച് പുറത്തിറക്കി. ഇന്ന് രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
ഡ്യൂട്ടിയെ ചൊല്ലിയുളള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിക്കാണ് മേലുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ആക്ഷപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡിസിപി അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി.
രാവിലെ സ്റ്റേഷന് ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്നെ അധിക്ഷേപ വാക്കുകള്‍ പറഞ്ഞ് എസ്ഐ ഇറക്കിവിട്ടെന്നാണ് സിപിഒ പരാതിയില്‍ ആരോപിക്കുന്നത്. എസ്ഐ ജിന്സന് ഡൊമനിക്കിന്റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയര്‍ത്തിയത്. സംഭവത്തില്‍ ഡിസിപിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഡ്യൂട്ടി വിഭജനത്തെചൊല്ലി സ്റ്റേഷനില്‍ എസ്ഐയും ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.


