നടുറോഡില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കരമന പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സസ്പെന്‍ഡ് ചെയ്തും എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.
കരമന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ മനോജിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കരമന എസ്.ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. നടുറോഡില്‍ പകല്‍ സമയത്ത് വച്ച് ബൈക്ക് യാത്രകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസില്‍ സമയബന്ധിതമായി കേസെടുക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. കരമന പൊലീസിന്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തില്‍ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമര്‍ശമേല്‍ക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും ഫോര്‍ട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. നെയ്യാറ്റിന്‍കര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ് മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനില്‍ എത്തിയ പ്രദീപിനോട് ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നല്‍കാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പ്രദീപിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇരുവരും ഒളിവിലാണെന്നാണ് കരമന പൊലീസിന്റെ വിശദീകരണം


