തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നോര്‍ബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ കണിയാപുരത്തു വെച്ചു തടഞ്ഞു നിര്‍ത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയിരുന്നു.
കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പറയുന്നത്.
നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ ലെക്കേഷന്‍ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസില്‍ വഴിത്തിരിവായത്. നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടര്‍ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചു പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാവിനെ ഉപേക്ഷിച്ചു സംഘം രക്ഷപെട്ടു. മംഗലപുരം സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ സംഘമാണ് ഇതിന് പിന്നിലെന്നു പൊലീസ് സംശയിക്കുന്നുണ്ട്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ സംഘം സജീവമാവുകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.