തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ ചാഴൂര്‍ സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു.ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനം. അമ്മിണി (75) ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങലയില്‍ കെട്ടിയിട്ടതോടെ ഭക്ഷണവും വെളളവും ഉള്‍പ്പെടെ ഇവര്‍ക്ക് നിഷേധിച്ചിരുന്നു. തുടര്‍ന്ന് വയോധിക വെളളം ആവശ്യപ്പെട്ടപ്പോഴായിരുന്നു ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം. അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ മര്‍ദ്ദനം.
വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ടായിരുന്നു വയോധികയെ മര്‍ദ്ദനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.


