തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളായ കുഞ്ചാലമ്മൂട് സ്വദേശികളായ സഹോദരങ്ങള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മര്‍ദ്ദിച്ചത്. പരിക്കേറ്റ പ്രദീപ് ചോരയാലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങള്‍ സഹിതം സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മര്‍ദ്ദിച്ച കേസില്‍ പ്രതിയുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ പൊതുസ്ഥലത്ത് നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നത്.
മറ്റ് വാഹനയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും വാഹനം ഓടിക്കുന്നതിനിടയില്‍ മറ്റ് വാഹന യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യ്തതിനാല്‍ പ്രതികള്‍ക്ക് എതിരെ ഡൈവിംങ് ലൈസന്‍സ് റദ്ദ് ആകുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പ്രതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിനോട് മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കരമന നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് രണ്ടു യുവാക്കള്‍ പ്രദീപിനെ മര്‍ദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകര്‍ക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു.