പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസിലെ ആസൂത്രകനും മുഖ്യപ്രതിയുമായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്. എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് ഇയാള്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പീഡന പരാതി നിലവിലുള്ളത്. 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.
പുത്തന്‍കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യവേ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള അറുപതുകാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. ഒരിക്കല്‍ സ്ത്രീയുടെ വീട്ടില്‍ മദ്യപിച്ച് നില്ക്കുമ്പോള് വഴിയിലൂടെ നടന്നുപോയ എഴുപത്തിയഞ്ചുകാരിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ച് പീഡനത്തിന് ഇരയാക്കിയത്. അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ എഴുപത്തിയഞ്ചുകാരിയെ വീട്ടിലേക്ക് വലിച്ചു കൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നില്‍ വച്ച് ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിന് ശേഷം ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചും വൃദ്ധയെ ആക്രമിച്ചു. ഈ കേസില്‍ ഷാഫിയെ പുത്തന്കുരിശ്ശ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, 2021 ഫെബ്രുവരിയില്‍ ഇയാള്‍ പീഡനക്കേസില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിന്നിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ പിന്നീട് അവിടേക്ക് പോയില്ല. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേരളത്തെ ഞെട്ടിക്കുന്ന നരബലി കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.
കടവന്ത്രയില്‍ താമസിക്കുന്ന പത്മം, കാലടി സ്വദേശി റോസിലി എന്നിവരെയാണ് നരബലി നടത്തിയത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്തംബര്‍ ഇരുപത്തിയാറിനും കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


