തൃശൂരിലെ ജയില്‍ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ രണ്ടു പേര്‍ക്കു കൂടി മര്‍ദനമേറ്റതായി പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. മോഷണക്കേസിലെ പ്രതികളുടെ പരാതിപ്രകാരം രണ്ടു കേസുകള്‍ കൂടി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തു.
മനപൂര്‍വ്വം ദേഹോപദ്രവമേല്‍പ്പിക്കല്‍, മാരകായുധമുപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലാണ് ജയില്‍ വകുപ്പ് ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രമാക്കിയത്. അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം താമസിപ്പിക്കുന്നത് ഈ കേന്ദ്രത്തിലാണ്. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ജയിലിലേക്ക് മാറ്റൂ. ഇങ്ങനെ, റിമാന്‍ഡിലായ പ്രതികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റെന്നാണ് പരാതി. ആളൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടി. കഞ്ചാവു കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ ജയില്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചതോടെയാണ് കൂടുതല്‍ പരാതികള്‍ പുറത്തുവന്നത്.
ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ നാല്പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷമീറിന്റെ ഭാര്യ ഉള്‍പ്പടെ മറ്റ് മൂന്ന് പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊവിഡ് സെന്ററിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.


