ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയും, സഹോദരന് ഷൊവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. മുംബൈ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങള്‍ പണമുണ്ടാക്കുന്നുവെന്ന മൊഴികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെയും സഹോദരന് ഷൊവിക് ചക്രവര്‍ത്തിയെയും മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചത്.
താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നും റിയ കോടതിയില്‍ വാദിച്ചു. സ്വയം കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തന്റെ ജീവന് അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. തനിക്കെതിരെ ബലാത്സംഗ, വധ ഭീഷണികളുണ്ട്. മൂന്ന് ഏജന്‍സികളുടെ അന്വേഷണം മാനസികമായി ഏറെ തകര്‍ത്തു. ചോദ്യംചെയ്യുമ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല. സ്വയം കുറ്റം സമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ കുറ്റസമ്മതമെല്ലാം താന്‍ പിന്‍വലിച്ചതായും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രോസിക്യൂഷന്റെയും കൂടി വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷകളില്‍ ഇന്ന് വിധി പറയാന്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്.


