പാലക്കാട് മേലാര്‍കോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക.
ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂര്‍ സ്വദേശി സൂര്യ പ്രിയയെ സുജീഷ് തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്ത് ന്തെരിച്ച് കൊന്നത്. ശേഷം പ്രതി തന്നെ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മില്‍ ഏതാണ്ട് ആറ് വര്‍ഷമായി പരിചയമുണ്ട്. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗം കൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛന് ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണും എടുത്തു കൊണ്ടാണ് പ്രതി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയത്. ഇവര്‍ തമ്മില്‍ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.
എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.


