കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ 27 കാരിയായ യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. തൃശ്ശൂര്‍ അയ്യന്‍കുന്നിൽ ആയിരുന്നു ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. പിടികൂടിയ ഇയാളെ രാത്രിയോടെ കൊച്ചിയിലെത്തിച്ച ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഇയാൾ ഫ്ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നിന്നും രക്ഷപെട്ട പെൺകുട്ടി തന്നെ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണെന്ന് കാട്ടി പരാതി നല്‍ക്കുകയായിരുന്നു. അതേസമയം മാര്‍ട്ടിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
യുവതിക്ക് പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നു. എറണാകുളത്ത് ജോലി ചെയുമ്പോൾ ആണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് യുവതി മാര്‍ട്ടിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. അതേസമയം കൊച്ചിയിലെ മറ്റൊരു യുവതികൂടി മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.


