പാലക്കാട്: പാലക്കാട്ട് വന്‍ ചന്ദനവേട്ട. തിങ്കളാഴ്ച പുലര്‍ച്ചെ ഒലവക്കോട് നടന്ന പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്.
ചന്ദനം കടത്താന്‍ ഉപയോഗിച്ച ലോറിയില്‍ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ സലാം (34), കൊണ്ടോട്ടി സ്വദേശി അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. വനം വകുപ്പ് വിജിലന്‍സ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ ഇതിന് മുമ്പും ചന്ദനം കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ചേരി സ്വദേശി കുട്ടിമാന്‍ എന്നയാളുടേതാണ് ചന്ദനമെന്നാണ് പിടിയിലായവര്‍ നൽകിയ മൊഴി. ചന്ദനത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു.


