നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ച് മൂടിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. സാംജി, ജോമി, മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ പ്രതികള്‍. വെടിയേറ്റ് മരിച്ച മഹേന്ദ്രനെ പ്രതികള്‍ മറവ് ചെയ്യുകയായിരുന്നു. മഹേന്ദ്രന്റെ മൃതദേഹം പോതമേട് ഭാഗത്ത് നിന്ന് പൊലീസ് കണ്ടെത്തി.
മഹേന്ദ്രനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാസം 27ന് മഹേന്ദ്രനുള്‍പ്പെടെയുള്ള നാലംഗ സംഘം മൂന്നാര്‍ പോതമേട് വനമേഖലയില്‍ നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ക്കൊപ്പം മഹേന്ദ്രന് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതികള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
കാട്ടിലൂടെ നടക്കുന്നതിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഭയം മൂലമാണ് മൃതദേഹം വനത്തില്‍ മറവ് ചെയ്തതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പ്രതികളെ സ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. വെടിവെക്കാനുപയോഗിച്ച തോക്കും കണ്ടെടുത്തു. മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.


