ഭോപ്പാല്‍: മധ്യപ്രദേശില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ ആറു പേര് അറസ്റ്റില്‍. ഛത്തര്‍പുരിലെ മദ്യനിര്‍മാണ ശാലയില്‍ നിന്നുമിവർ തോക്ക് ചൂണ്ടി ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഡല്‍ഹി, ഭോപ്പാല്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘമെന്ന വ്യാജേനയാണ് ഇവര്‍ സ്ഥലത്ത് എത്തിയത്. കേസില്‍ ഡിസ്റ്ററി ഉടമ നിഖില്‍ ബന്‍സാലിന് പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ ഇവരുടെ ഭീഷണിക്ക് നിഖില്‍ വഴങ്ങാതെ വന്നപ്പോള്‍ ഇവര്‍ തോക്ക് ചൂണ്ടി രണ്ടു ലക്ഷം രൂപ കവര്‍ന്ന് സ്ഥലം വിടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളില്‍ നിന്നും സിസിടിവി ഹാര്‍ഡ് ഡിസ്ക്, നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രണ്ടു കാറുകള്‍, സിബിഐ ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍, വ്യാജ തിരിച്ചറിയില്‍ രേഖ എന്നിവ പോലീസ് പിടിച്ചെടുത്തു.


