ലഖിംപൂര്‍ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന് ആഷിഷ് മിശ്രയെ ചോദ്യം ചെയ്യാനൊരുങ്ങി യുപി പൊലീസ്. ആഷിഷ് മിശ്രയോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്കി. ഇക്കാര്യം കാണിച്ച് മന്ത്രി അജയ് മിശ്രയുടെ വീടിനു മുന്നില്‍ പൊലീസ് ഇന്നലെ നോട്ടിസ് പതിച്ചിരുന്നു.
അതിനിടെ സംഘര്‍ഷത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെയും വിവരങ്ങള്‍ ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും.
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് അശിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


