സ്വര്‍ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. സ്വപ്നയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി സ്വപ്ന സുരേഷിനു മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം പിഎസ് സരിത്തിനെതിരെ കോഫെപോസ ചുമത്തിയത് കോടതി ശരിവച്ചു.
ഒരു വര്‍ഷത്തേക്കാണ് കോഫെപോസ പ്രകാരം സ്വപ്നയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കരുതല്‍ തടങ്കല്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. മുമ്പും സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയോ, തുടര്‍ന്നും ഇതേ കുറ്റം ആവര്‍ത്തിക്കുകയോ ചെയ്യുമെന്ന് കണ്ടെത്തിയാലാണ് കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കുക.
എന്നാല്‍ സ്വപ്നയുടെ തടങ്കലില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും ചുമത്തിയ കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിക്കെതിരായ സ്വപ്നയുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.


