ഇരിക്കൂര്‍: കല്യാട്, ഊരത്തൂര്‍ മേഖലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് വ്യാജചാരായവും മദ്യവും വില്പന നടത്തിയ ഹോട്ടല്‍ ഉടമയെ പിടികൂടി. മട്ടന്നൂര്‍ എക്സൈസ് റെയ്ഞ്ചിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ അനു ബാബുവിൻ്റെ നേതൃത്വത്തില്‍ ഊരത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഗവ.പി.എച്ച്.സിക്കു പരിസരത്തെ ഹോട്ടലിൻ്റെ മറവില്‍ മദ്യവില്പന നടത്തുകയായിരുന്ന രാജാസ് ഹോട്ടല്‍ ഉടമ കുറ്റ്യാടന് രാജനെയാണ് അറസ്റ്റ് ചെയ്തത്.
ഹോട്ടല്‍ നടത്തിപ്പിന്റെ മറവില്‍ ഇയാള്‍ സ്ഥിരം വ്യാജചാരായവും മദ്യവും വില്പന നടത്തുന്നുവെന്ന് നാട്ടുകാരില്‍ നിന്ന് നിരവധി തവണ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉടമയെ തൊണ്ടി സഹിതം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് നടത്തിയത്.
ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ മദ്യവില്പന നടത്തുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. പല തവണ പൊലീസും എക്സൈസും പിടികൂടിയെങ്കിലും പിഴയടച്ച് രക്ഷപ്പെടു കയായിരുന്നു. പരിശോധനക്ക് നേതൃത്വം നല്കിയ എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദ കൃഷ്ണന്, കെ.കെ ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.പി ഹാരിസ്, ടി.ഒ. വിനോദ്, കെ.സുനീഷ് എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


