കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നല്കിയ രേഖകള്‍ സഹിതം മലമ്പുഴ എം.എല്‍. എ പ്രഭാകരന് പൊലീസില്‍ പരാതി നല്കി.
കേരള ബാങ്കില്‍ 2400 ലധികം ക്ലര്‍ക്കുമാരുടെ ഒഴിവുണ്ട്. പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ.പ്രഭാകരന് സി.പി.എം കണ്ണൂര്‍, പാലക്കാട് ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെ നിയമനം നടത്തുന്നു എന്നാണ് ആവശ്യക്കാരെ വിശ്വസിപ്പിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെടുന്നത്.
കേരള ബാങ്കിലെ ക്ലാര്‍ക്ക് നിയമനത്തിന്റെ പേരില്‍ പലരില്‍ നിന്നായി കണ്ണൂര്‍ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലര്‍ പണം കൈമാറുകയും ചെയ്തിട്ടുണ്ട്. മലമ്പുഴ എംഎല്‍എ എ പ്രഭാകരന്റെയും സിപിഐഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങള്‍ക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട എ പ്രഭാകരന് എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. എംഎല്‍എയുമായോ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന്, ഭരണകക്ഷി നേതാക്കളെ മറയാക്കാന്‍ ശ്രമിച്ചത്.
ധോണി സ്വദേശി വിജയകുമാര്‍, കണ്ണൂര്‍ സ്വദേശി സിദ്ധിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നില്‍. എംഎല്‍എയുടെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പേര് തട്ടിപ്പിനിരയായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


