വളാഞ്ചേരി: മതേതര വിവാഹതട്ടിപ്പ് വീരന് പിടിയിലായി. ഹിന്ദു മാട്രിമോണിയല്‍ സൈറ്റുകളില്‍ സുദീപ്, അഭിലാഷ് എന്നീ പേരുകള്‍. മുസ്ലിം വിവാഹ സൈറ്റുകളിലെത്തിയാല് സിയാദ്, അഫ്സല്. ക്രിസ്ത്യന്‍ സൈറ്റുകളിലെങ്കില് അലക്സാകും. ഇങ്ങനെ മതംനോക്കാതെ വിവാഹത്തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവാണ് ഒടുവില്‍ പോലീസിന്റെ വലയിലായത്. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശി അയ്യപ്പദാസാണ് (33) അറസ്റ്റിലായത്.
വിവിധ മതങ്ങളുടെ മാട്രിമോണിയല്‍ സൈറ്റുകളില്‍ പലപേരുകളിലാണ് ഇയാള്‍ വിവാഹപരസ്യം നല്‍കിയിരുന്നത്. പട്ടാള ഉദ്യോഗസ്ഥനാണെന്ന് വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്. വിവാഹബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹത്തിന് താത്പര്യമുള്ള സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ ഇരകള്‍. പത്തുസ്ത്രീകളില്നിന്ന് സ്വര്‍ണവും പണവും തട്ടിയതായി പ്രതിതന്നെ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കാടാമ്പുഴ പിലാത്തറയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്യുന്നത്. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതിനുപുറമേ, ഒരുമിച്ച് താമസിക്കാനെന്നപേരില് ടി.വി.യും വാഷിങ്മെഷീനും വാങ്ങിപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സിയാദ് എന്നപേരില്‍ മുസ്ലിംസ്ത്രീയെ വിവാഹംചെയ്ത് ജീവിക്കുകയായിരുന്നു ഇയാള്‍.
മാരാരിക്കുളത്തെ യുവതിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും പാലക്കാട് അലനെല്ലൂരിലെ അവിവാഹിതയായ യുവതിയില്‍നിന്നും ചാവക്കാട്ടെ വിധവയില്നിന്നും പത്തുലക്ഷം രൂപവീതവും തട്ടിയെടുത്തു. മാനന്തവാടിയിലെ യുവതിയില്‍നിന്ന് 1,32,000 രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. ഇയാള്‍ പിടിയിലായതറിഞ്ഞ് ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിയില്ലെന്നുപറഞ്ഞ് പലരും തിരിച്ചുപോയതായി പോലീസ് അറിയിച്ചു.
താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിര്‍ദേശാനുസരണം കാടാമ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അയ്യപ്പദാസിനെ അറസ്റ്റുചെയ്തത്. എസ്.ഐ. ശ്രീകാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, രാജേഷ്, അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ശരണ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.