സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി സ്വപ്ന സുരേഷ് അട്ടകുളങ്ങര ജയിലിന് പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകള്‍ അധികൃതര്‍ക്ക് കൈമാറി. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്ന സുരേഷ് ജയില്‍ മോചിതയായത്. മോചനം സാധ്യതമായത് പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാല്‍.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള് ജാമ്യവുമാണ് ഉപാധികള്‍. പാസ്പോര്‍ട്ട് കോടതിയില്‍ ഏല്പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.
കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. എന്‍ഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തു കൊണ്ടാണ് സ്വപ്നയ്ക്ക് ജയില്‍ നിന്നും ഇറങ്ങാനാകാഞ്ഞത്.
2020 ജൂലൈ 11നാണ് കേസില്‍ ബംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്രബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്ന സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 50ല്‍ എറെ പേര് അറസ്റ്റിലായി.
അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആള്‍ജാമ്യത്തിലാണ് സ്വപ്ന ജയില്‍ മോചിതയാകുന്നത്. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇതില്‍ എല്ലാ കേസുകളിലും ജാമ്യമായി.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്, എന്‍.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് സ്വപ്നയെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നത്. എന്‍.ഐ.എ. യു.എ.പി.എ കുറ്റവും ചുമത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്ന അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള എന്‍.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കാമെന്നും എന്‍.ഐ.എ. വാദിച്ചിരുന്നു.
എന്നാല്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ല. വന്‍തോതില്‍ കളളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദത്തിന്റെ പരിധിയില്‍ വരുന്നത്. പ്രതികള്‍ ഏതെങ്കിലും വിധത്തിലുളള തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


