ആഡംബര കപ്പലിലെ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എന്‍സിബിയുടെ മുംബൈ സോണില്‍ നിന്നും സെന്‍ട്രല്‍ സോണിലേയ്ക്ക് മാറ്റി. ഇതോടെ മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ ഇനി അന്വേഷണ ചുമതലയിലുണ്ടാകില്ല.
മഹാരാഷ്ട്ര മന്ത്രിയായ നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ ഖാനുമായി ബന്ധപ്പെട്ട കേസ് ഉള്‍പ്പെടെ മറ്റ് 5 കേസുകളും എന്‍സിബിയുടെ മുംബൈ സോണില്‍ നിന്നും സെന്‍ട്രല്‍ സോണിലേയ്ക്ക് കൈമാറിയിട്ടുണ്ട്. സെന്‍ട്രല്‍ യൂണിറ്റിന്റെ ഡയറക്ടര്‍ ജനറലായ സഞ്ജയ് സിംഗാണ് ഈ അഞ്ച് കേസുകളുടെയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ മറ്റ് ഏജന്‍സികളുമായി സഹകരികരിക്കേണ്ടതുണ്ട് എന്നാണ് അധികൃതര്‍ ഔദ്യോഗികമായി നല്കുന്ന വിശദീകരണം.
ആറ് കേസുകള്‍ സെന്‍ട്രല്‍ സോണിന് കൈമാറിയെങ്കിലും മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറായി സമീര്‍ വാങ്കഡെ തുടരും. എന്നാല്‍, ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു നവാബ് മാലിക്കിന്റെ പ്രതികരണം. സമീര്‍ വാങ്കഡെയ്ക്ക് എതിരായ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.


