തൃശൂര്‍ കുട്ടനെല്ലൂരില്‍ ഡന്റല്‍ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കില്‍ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനില്‍ക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.
മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇവിടെ നിന്നു മുങ്ങിയ പ്രതിയുടെ കാര്‍ കൂര്‍ക്കഞ്ചേരിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു.


