പേരാവൂര്‍: കൊട്ടിയൂരില്‍ ഭര്‍തൃമതിയെ കെട്ടിയിട്ട് തോക്കുചൂണ്ടി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പോലീസ് പിടിയിൽ. പേരാവൂര്‍ ഡിവൈ.എസ്.പിയും സംഘവും ആന്ധ്രപ്രദേശില്‍നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം കാവിലുംപാറ സ്വദേശി പെരുമാലില്‍ റോജസ് എന്ന ജിസ്മോനെയാണ് (33) വിശാഖപട്ടണത്തുവെച്ച് ആണ് പോലീസ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിൽ നാല് പ്രതികൾ ആണ് ഉള്ളത്. ഇതിൽ രണ്ടുപേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ ഒരാള്‍കൂടി ഇനി പിടിയിലാവാനുണ്ട്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തിനുശേഷം ആന്ധ്രയില്‍ ഒളിവില്‍പോയ പ്രതി അവിടെ 75 കിലോഗ്രാം കഞ്ചാവ് കൈവശംവെച്ച കേസിലും പ്രതിയായി. 2018ല്‍ കാസര്‍കോട്ട് എം.ടെക്കുകാരനെ ജാക്കി ലിവര്‍ കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസ്, പഴയങ്ങാടിയില്‍ ബലാത്സംഗക്കേസ് എന്നിവയിലും ഇയാള്‍ പ്രതിയാണ്. കൂടാതെ തിരൂര്‍, കുറ്റ്യാടി, തൊട്ടില്‍പാലം തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ്, തോക്ക് കേസുകളും ഇയാളുടെ പേരിലുണ്ട്. നിലവില്‍ കൊട്ടിയൂരിലെ കേസിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്പായത്തോട്ടിലെ ഷെഡില്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും കെട്ടിയിട്ടശേഷം തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് കയര്‍, ടേപ് എന്നിവ ഉപയോഗിച്ച് ബന്ധിച്ച് കെട്ടിയിടുകയും ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സ്വര്‍ണം, പണം, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ കൈക്കലാക്കുകയും ചെയ്തു. പേരാവൂര്‍ ഡിവൈ.എസ്.പി ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിൽ എസ്.ഐ ഇ.കെ. രമേശ്, എ.എസ്.ഐ കെ.വി. ശിവദാസന്‍, രജീഷ്, മഹേഷ് എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.


