പിബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതല്‍ തവണ കുത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിച്ചത്. സന്ദീപിനെ ഒന്നാം പ്രതി ജിഷ്ണുവാണ് മാരകമായി കുത്തി മുറിവേല്‍പ്പിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു.
കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികളുടെ അറസ്റ്റിന് പിന്നാലെ ആദ്യം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ് എഫ്ഐആറില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് സന്ദീപിനോടുള്ള മുന്‍ വൈരാഗ്യം മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു.


