മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കപ്പലില്‍ ശനിയാഴ്ച രാത്രി നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ആര്യന് ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ആര്യന് ഖാന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. ഫോണിലെ ചാറ്റുകള്‍ എന്‍സിബി സംഘം പരിശോധിക്കുകയാണ്. മുംബൈ ക്രൂയിസ് കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്.
ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ചില പ്രമുഖ വ്യവസായികളുടെ മക്കളും ഇക്കൂട്ടത്തിലുണ്ട്.
ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിരോധിത മയക്കു മരുന്നുകല്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് ലഹരിപ്പാര്‍ട്ടി ആരംഭിച്ചത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ ആളുകളാണ് പിടിയിലായത്.


