മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് സുപ്രീം കോടതി. നിലവിലുള്ള ഭരണഘടനപരമായ നിയന്ത്രണങ്ങള്‍ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്നപ്രത്യേക വിധിയെഴുതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണമെന്ന് വ്യക്തമാക്കി.
മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്നവിഷയത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിപറഞ്ഞത്. മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാന് എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലേതുള്‍പ്പെടെ വിശാലമായ നിയമപ്രശ്നത്തിലാണ് സുപ്രീം കോടതി തീര്‍പ്പ് കല്പിച്ചത്.
പൊതു അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളുടെ ഉള്‍പ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര വിഷയത്തിലും സുപ്രിംകോടതിയില്‍ ഇന്നും ഭിന്നവിധികള്‍ ഉണ്ടായി. മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ എര്‍പ്പെടുത്തി നിയന്ത്രണം ഉചിതമാകില്ലെന്ന് ജസ്റ്റിസ് രാമ സുബ്രഹ്മണ്യന് വ്യക്തമാക്കി. എന്നാല്‍ അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകള്‍ ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.


