നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
വിചാരണ കോടതിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സര്‍ക്കാരും ആക്രമണത്തിനിരയായ നടിയും ഉയര്‍ത്തിയത്. മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ചയുണ്ടായി. ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ഇരയെ മണിക്കൂറുകള്‍ വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും സര്‍ക്കാര്‍ ആരോപിച്ചു. പ്രോസിക്യൂഷന് കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് നടിയും പറഞ്ഞു.
നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


