തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ബിനീഷ് ഇഡി ഓഫീസിന്റെ സ്റ്റെപ് നടന്ന് കയറിയത്. അതേസമയം, ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും.
ബിനീഷിനെയും സിപി.എമ്മിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഇനിയുള്ള മണിക്കൂറുകള്‍ ഇനിയുള്ളത്. കസ്റ്റഡി സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇ.ഡിയുടെയും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും തുടര്‍ നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. അതിനിടെ ഇന്ന് ബിനീഷിനായി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും.


