ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സന്തോഷിനെ സി പി എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാം വാര്‍ഡില്‍ കടങ്ങോട് തോടിനോട് ചേര്‍ന്ന് നടപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡില്‍ വന്ന പഞ്ചായത്ത് എ.ഇ യുമായി സംസാരിച്ചു നില്ക്കുമ്പോള് യാതൊരു പ്രകോപനവും കൂടാതെ രണ്ട് പേര് വന്ന് മര്‍ദ്ദനം അഴിച്ച് വിടുകയായിരുന്നുവെന്നും മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആലുവ പോലീസില്‍ പരാതി നല്‍കിയതായും രാജി പറഞ്ഞു. തോടിന്റെ വികസന പദ്ധതിയുടെ എസ്റ്റിമേറ്റ് എടുക്കാന്‍ വന്ന എ.ഇ യോട് ആദ്യം തട്ടിക്കയറുകയും രാജി സന്തോഷിനെ മുഖത്ത് അടിക്കുകയും ചെയ്തു. വീണുപോയ രാജിയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും എണീറ്റു വന്ന രാജിയുടെ വയറിനു വീണ്ടും ചവിട്ടുകയും ചെയ്തു.
എ.ഇ യും പഞ്ചായത്ത് ജീവനക്കാരും മെമ്പറെ തല്ലരുത് എന്ന് കരഞ്ഞു പറഞ്ഞെങ്കിലും സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ രാജി സന്തോഷിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവത്രെ. രാജിയുടെയും ജീവനക്കാരുടെയും കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ആണ് മര്‍ദ്ദനം നിര്‍ത്തിയത്. നാട്ടുകാരും സംഭവമറിഞ്ഞെത്തിയ രാജിയുടെ ഭര്‍ത്താവ് സന്തോഷും ചേര്‍ന്നാണ് വളരെ അവശനിലയിലായ രാജിയെ ആശുപത്രിയില്‍ എത്തിച്ചത്. 2 വിരലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സന്തോഷിനെതിരെ നടന്ന സിപിഎ മ്മിന്റെ ക്രൂരമായ ആക്രമണത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ ജമാല്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ മുഹമ്മദ് ഷെഫീക്ക് കെ.എസ്, സി.പി നൗഷാദ് എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പറെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു.