കൊലപാതകത്തിന് തൊട്ടുമുമ്പ് വരെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിന്‍. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണ്. എന്നാല്‍ ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം അറിയില്ലെന്നും ടിബിന്‍ പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജിനു സമീപമാണ് തലയോലപ്പറമ്പ് സ്വദേശി നിഥിന മോളെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥിനിയാണ്. സഹപാഠി കൂത്താട്ടുകുളം അഭിഷേക് ബൈജു കസ്റ്റഡിയില്‍. പരീക്ഷയ്ക്കെത്തിയപ്പോഴാണ് ആക്രമണം. അഭിഷേക് കയ്യില്‍ കരുതിയ ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന് പറഞ്ഞു. പെട്ടെന്ന് അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തു കിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതു വരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന് പറഞ്ഞു.


