തിരുവനതപുരം: എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് പ്രതികൾ അറസ്റ്റിലായത്.
രാത്രിയിൽ കുടുംബസമേതം നടക്കാനിറങ്ങിയ ഇതരസംസ്ഥാന ഉദ്യോഗസ്ഥര്‍ ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രിയില്‍ പേട്ടയ്ക്കടുത്ത് അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആക്രമികള്‍ ജീവനക്കാരുടെ ഭാര്യമാരെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ ഭര്ത്താക്കന്മാരെയാണ് കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടാണ് ആക്രമികള്‍ മടങ്ങിയത്. സംഭവം സര്‍ക്കാരിന് തന്നെ നാണക്കേടായി മാറുന്ന സാഹചര്യത്തിലാണ് പ്രതികൾ പിടിയിലായത്.


