ചലച്ചിത്ര സംവിധായിക നയനയുടെമരണത്തില് ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആര്‍ബി അസി. കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
പ്രത്യേക സംഘത്തിന്റെ പരിശോധനയില്‍ മരണത്തില്‍ നിഗൂഢതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് വിലയിരുത്തല്‍. കേസില്‍ പ്രത്യേക സംഘം നാളെ റിപ്പോര്‍ട്ട് നല്‍കും.
നയന സൂര്യയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നയനയുടെ മുറിയില്‍ ആദ്യം പ്രവേശിച്ചവരെയാണ് ചോദ്യം ചെയ്യുന്നത്. സുഹൃത്തുക്കളുടെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം നയനയുടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ആദ്യ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. മഹസര്‍ തയ്യാറാക്കുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍. നയനയുടെ മുറി പൂട്ടിയിരുന്നെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. പുറത്ത് നിന്ന് അകത്ത് കടക്കാന്‍ വഴിയുണ്ടെന്നും കണ്ടെത്തി. മുറി തുറന്നത് എങ്ങനെയെന്നത് മഹസറില്‍ വ്യക്തമാക്കിയിട്ടില്ല.
നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടര്‍ന്നാണ് ഡിസിആര്‍ബി അസി.കമ്മീഷണര്‍ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേല്പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തല്‍.
പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വരുത്തുന്ന രീതിയില്‍ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിര്‍ണായക വിവരങ്ങള്‍ ലോക്കല്‍ പൊലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ ആല്‍ത്തറയിലുളള വാടക വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് വീട്ടിന്റെ വാതില്‍ തുറന്നത്. അങ്ങനെയെങ്കില്‍ നയന ഉപയോഗിച്ചിരുന്ന താക്കോല്‍ എവിടെയെന്ന് മഹസറില്‍ പറയുന്നില്ല. 22ന് രാത്രി അമ്മയുമായ നയന അരമണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതല്‍ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍.


